രാഹുല്‍ ഗാന്ധി വീണ്ടും അവധിയെടുത്തു, ഇത്തവണ യാത്ര കേദാര്‍നാഥിലേക്ക്
വ്യാഴം, 23 ഏപ്രില്‍ 2015 (16:11 IST)
അമ്പത്തിയേഴ് ദിവസം നീണ്ട അജ്ഞാത വാസത്തിനു ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍. കേദാര്‍നാഥ് സന്ദര്‍ശനത്തിനായാണ് അദ്ദേഹം വീണ്ടും അവധിയെടുത്തത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. വ്യാഴാഴ്ച രാവിലെ കേദാര്‍നാഥിലേക്ക് യാത്ര രാവിലെ ഡെറാഡൂണിലെത്തുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഗൗരീകുണ്ഠിലെത്തും. ഉത്തരാഖണ്ഡിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് 18 കിലോമീറ്ററോളം കാല്‍നടയായി തന്നെ സഞ്ചരിച്ച് കേദാര്‍നനാഥില്‍ എത്തും.
രാത്രി ക്ഷേത്രസന്നിധിയില്‍ ചെലവഴിച്ച ശേഷം നാളെ രാവിലെ 8.30ന് നട തുറക്കുമ്പോള്‍ പൂജയില്‍ പങ്കെടുക്കും. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബികാസോണിയും പിസിസി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായയും രാഹുലിനെ അനുഗമിക്കും. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ അനുഭാവ പ്രതിച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ക്ഷേത്രയാത്ര എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഭൂമി ഏറ്റെടുക്കല്‍ ബില്‍, നെറ്റ് ന്യൂട്രാലിറ്റി, കര്‍ഷക ആത്മഹത്യ തുടങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കേയാണ് രാഹുല്‍ വീണ്ടും ഡല്‍ഹി വിടുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ നെറ്റ് ന്യുട്രാലിറ്റിയില്‍ ട്രായ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച രാഹുല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കര്‍ഷകറാലിയിലും ആവേശം നിറച്ചിരുന്നു.