രാഹുലിന്റെ അജ്ഞാത വാസം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു എന്ന് റിപ്പോര്‍ട്ട്
ബുധന്‍, 25 നവംബര്‍ 2015 (19:04 IST)
വിവാദമായ രാഹുലിന്റെ അജ്ഞാത വാസക്കാലത്ത് അദ്ദേഹം പോയത് തെക്കു കിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട്. തെക്കു കിഴക്കൻ ഏഷ്യയിലെ നാല്‍ രാജ്യങ്ങളിലാണ് 60 ദിവസവും രാഹുല്‍ ചിലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ എന്തിനാണ് രാഹുല്‍ ഇവിടേക്ക് പോയതെന്ന് മാത്രം ഇപ്പോഴും ദുരൂഹമായി തുടരുന്നു.
2015 ഫെബ്രുവരി 16നും ഏപ്രിൽ 26നും ഇടയിലായിരുന്നു രാഹുലിന്റെ വിദേശ പര്യടനം. സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഒഴിവാക്കിയാണ് രാഹുൽ യാത്ര നടത്തിയത്. ഫെബ്രുവരി 16ന് ഡൽഹി എയർപോർട്ടിൽ നിന്നാണ് രാഹുൽ യാത്ര തുടങ്ങിയത്. അന്നുതന്നെ അദ്ദേഹം ബാങ്കോക്കിലെത്തി. ഒരു ദിവസം അവിടെ ചിലവഴിച്ചു. ഫെബ്രുവരി 17ന് ബാങ്കോക്കിൽ നിന്നും കംബോഡിയയിലേക്കു പോയി. 11 ദിവസമാണു കംബോഡിയയിൽ ചിലവഴിച്ചത്.
ഫെബ്രുവരി 28ന് വീണ്ടും ബാങ്കോക്കിലെത്തിയ രാഹുൽ തൊട്ടടുത്ത ദിവസം മ്യാന്മറിലേക്കു പോയി. 21 ദിവസം മ്യാന്മറിലായിരുന്നു. മാർച്ച് 1 മുതൽ 21 വരെയാണു രാഹുൽ മ്യാന്മാറിൽ ഉണ്ടായിരുന്നത്. തായ്‌ലാന്റിലേക്ക് അദ്ദേഹം യാത്ര തിരിച്ചത് മാർച്ച് 22നാണ്. ബുദ്ധിസ്റ്റ് ഹെറിറ്റേജ് സെന്റർ സന്ദർശിച്ച രാഹുൽ ഒമ്പതു ദിവസമാണ് തായ്‌ലാന്റിൽ കഴിഞ്ഞത്.
മാർച്ച് 31ന് അവിടെ നിന്നു രാഹുൽ വിയറ്റ്‌നാമിലേക്ക് പോയി. ഏപ്രിൽ 12ന് തിരിച്ച് ബാങ്കോക്കിലേക്കു തന്നെ വരികയായിരുന്നു. ഏപ്രിൽ 12 മുതൽ 16 വരെ രാഹുൽ ബാങ്കോക്കിലായിരുന്നു. ഏപ്രിൽ 16ന് അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവരികയും ചെയ്തു. യാത്രയുടെ ഭൂരിഭാഗം ചിലവും ഒരു വിദേശ കമ്പനിയുടെ സ്‌പോൺസർഷിപ്പിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാഹുൽ പോയത്. വിദേശപര്യടനത്തിൽ കോൺഗ്രസ് നേതാവ് സതീഷ് ശർമ്മയുടെ മകൻ സമീറും രാഹുലിനൊപ്പമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ദയനീയ തോൽവിയെ തുടർന്ന് പൊടുന്നനെയാണു രാഹുൽ അപ്രത്യക്ഷനായത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും കടുത്ത വിമർശനങ്ങളാണ് രാഹുലിന്റെ യാത്രയ്‌ക്കെതിരെ ഉയർന്നത്. എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനകാലത്താണ് രാഹുലിന്റെ യാത്ര എന്നതും കടുത്ത വിമർശനത്തിനു വഴിവച്ചിരുന്നു.
കോൺഗ്രസോ രാഹുലോ നാളിതുവരെ ഇതേക്കുറിച്ച് ഒരു വിശദീകരണവും നൽകിയിരുന്നില്ല. യാത്രയുടെ വിശദാശംങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇനി ഈ ദുരൂഹതയാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.