കാണാതായിട്ട് ആറാഴ്ച, രാഹുല്‍ ഗാന്ധി എവിടെ? ഉത്തരംമുട്ടി കോണ്‍ഗ്രസ്

വെള്ളി, 10 ഏപ്രില്‍ 2015 (08:53 IST)
അജ്ഞാത വാസം തുടങ്ങിയിട്ട് ആറാഴ്ച കഴിഞ്ഞിട്ടും കൊണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൃത്യമായ മറുപടിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഓടിയൊളിക്കുന്നു. മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സമരങ്ങളുടെ മുന്നില്‍ നിന്ന് പോരാടേണ്ട രാഷ്ട്രീയ നേതാവ് അതിനു മുതിരാതെ പെട്ടെന്നൊരുന്നാള്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയത് ഒട്ടേറെ അഭ്യൂഹങ്ങള്‍ ബാക്കിവച്ചാണ്.

സര്‍ക്കാരിന്റെ ഭൂ നിയമത്തെച്ചൊല്ലി പാര്‍ലമെന്‍്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കിയപ്പോഴാണ് രാഹുല്‍ അവധിയില്‍ പ്രവേശിച്ചത്. ഇതോടെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുകയും,തുടര്‍ന്ന് സോണിയ നേരിട്ടെത്തി സമരം നയിക്കുകയുമായിരുന്നു. രാഹുലിന്റെ തിരോധാനം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തമാശകളും പരിഹാസങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയ രാഹുലിനെ ചെറുതാക്കുമ്പോള്‍ ഓരോ ചോദ്യങ്ങള്‍ക്ക് മുമ്പിലും കോണ്‍ഗ്രസ് പ്രതിരോധത്തിലായിക്കൊണ്ടിരിക്കുകയാണ്. നിരന്തരമുള്ള തോല്‍വികളില്‍ മടുത്ത് ഒളിച്ചോടുന്ന നായകന്റെ മേലങ്കിയാണ് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളും അദ്ദേഹത്തിന് ചാര്‍ത്തിയത്.

അതേ സമയം രാഹുല്‍ രാജ്യത്തെ പലസ്ഥലങ്ങളിലും താമസിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.അദ്ദേഹം കൊച്ചിയില്‍ ആയുര്‍വേദ ചികിത്സയിലാണെന്നു വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതിനും സ്ഥിരീകരണമില്ലായിരുന്നു. അതിനിടെ മ്യാന്മറില്‍ വിപസന ധ്യാനം പരിശീലിക്കാന്‍ പോയതായും വാര്‍ത്തകള്‍ വന്നും എന്നാല്‍ ഇതും പിന്നീട് ആരും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുമെന്നും അതിനുള്ള മാനസിക തയ്യാറെടുപ്പിനാണ് അവധി‍യെടുത്തതെന്നും വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. വര്‍ക്കും രാഹുല്‍ എവിടെയെന്നതിന് മറുപടിയില്ല. അതേസമയം കുടുംബത്തിലെ അകല്‍ച്ചമൂലമാണ് രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതെന്ന് വാര്‍ത്തകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക