കര്‍ഷകര്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗചെയ്യാന്‍ പറയുന്നു; ബിജെപിയെ നയിക്കുന്നതു കൊലക്കേസ് പ്രതി - കടന്നാക്രമിച്ച് രാഹുല്‍

ഞായര്‍, 18 മാര്‍ച്ച് 2018 (17:55 IST)
ബിജെപിയെയും കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്. അവരെ നിയന്ത്രിക്കുന്നത് കൊലക്കേസ് പ്രതിയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്‍റെ ശബ്ദമാണ്. അധികാരത്തിന് വേണ്ടി അഹങ്കാരത്തോടെ സംഘടിക്കുന്ന ബിജെപിയും ആർഎസ്എസും കൗരവരെപ്പോലെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കര്‍ഷകര്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്ന അവസ്ഥയാണ് രാജ്യത്ത്. പ്രധാനമന്ത്രിയും തട്ടിപ്പുകാരും തമ്മിലുള്ള ബന്ധത്തിന്റെ പേരായി മോദി മാറി. മോദിയുടെ മായയിൽ ജീവിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇന്ത്യാക്കാർക്ക്. ബിജെപി വിദ്വേഷമെന്ന വികാരമാണ് രാജ്യത്ത്  ഉപയോഗിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് അഴിമതിക്കാരും ശക്തരുമാണ് രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നത്. മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ജയിലിൽ കഴിയുമ്പോൾ നിങ്ങളുടെ നേതാവ് സവർക്കർ മാപ്പെഴുതുന്നതിന്റെ തിരക്കിലായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാന കാലത്ത് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കോൺഗ്രസിനായില്ല. രാജ്യത്തെ ജനങ്ങളാണ് പാര്‍ട്ടിയെ താഴെയിറക്കിയത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കില്ലെന്നും  ഡൽഹിയിൽ നടന്ന 84മത് എഐസിസി പ്ളീനറി സമ്മേളനത്തിൽ രാഹുല്‍ പറഞ്ഞു.  

പാർട്ടിയിൽ നിലനിന്ന ചില പ്രവണതകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് സമ്മേളനത്തിന്റെ വേദി ഒഴിച്ചിട്ടത്. രാജ്യത്തെ കഴിവുള്ള യുവാക്കളെ ഉപയോഗിച്ച് ഈ വേദി നിറയ്‌ക്കും. പാർട്ടിയുടെ നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരും. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ടിക്കറ്റ് നൽകാതിരിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍