പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു; 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി 34 ന്റെ ചരിത്രയാത്ര

ബുധന്‍, 22 ജൂണ്‍ 2016 (09:32 IST)
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. 20 ഉപഗ്രഹങ്ങളുമായാണ് പി എസ് എല്‍ വി സി-34 വിക്ഷേപിച്ചത്. ഇതില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ മാത്രമാണ് ഇന്ത്യയുടേത്.
 
ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ചത്. 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് പി എസ് എല്‍ വി സി 34ന്റെ വിക്ഷേപണം.
 
48 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനു ശേഷമായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച രാവിലെ 09.26ന് കൗണ്ട്‌ ഡൌണ്‍ ആരംഭിച്ചിരുന്നു. 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക.
 
ഐ എസ് ആര്‍ ഒ ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക