പ്രധാനമന്ത്രി ഇന്നുമുതല്‍ യുഎഇയില്‍

ഞായര്‍, 16 ഓഗസ്റ്റ് 2015 (10:15 IST)
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യു എ ഇയിലേക്ക്. ഉച്ചയോടെ പ്രധാനമന്ത്രി അബുദാബിയില്‍ എത്തും. ഇന്ന് അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രി അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌ഖ് സെയ്‌ദ് ഗ്രാന്‍ഡ് മോസ്ക് മോഡി സന്ദര്‍ശിക്കും.
 
തിങ്കളാഴ്ച ദുബായിലേക്ക് പോകുന്ന പ്രധാനമന്ത്രി ദുബായ് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. അതിനു ശേഷം, ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഏകദേശം, 50, 000ത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
 
യു എ ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ യു എ ഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി. ഇതിനു മുമ്പ്, 1981ല്‍ ഇന്ദിരാഗാന്ധി യു എ ഇ സന്ദര്‍ശിച്ചിരുന്നു. 25 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യു എ ഇയില്‍ ഉള്ളത്.
 
വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു എ ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക