ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (11:12 IST)
പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ അമിതജോലി മൂലമുള്ള സമ്മര്‍ദ്ദത്താല്‍ മരിച്ച സംഭവത്തില്‍ വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. ജോലി സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്നും പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യകോളേജില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം.
 
ജോലി സമ്മര്‍ദ്ദം മൂലം പെണ്‍കുട്ടി മരിച്ച വാര്‍ത്ത 2 ദിവസം മുന്‍പാണ് കണ്ടത്. ക്യാമ്പസ് റിക്ര്യൂട്ട്‌മെന്റ് വഴി ജോലി നേടാനാണ് കോളേജില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്നും പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ ഈ സമ്മര്‍ദ്ദങ്ങളെ നേരിടാനാകും. നിര്‍മല സീതാരാമന്‍ പറഞ്ഞു. പുനെ ഇ വൈ ടെക്‌നോളജീസില്‍ ഉദ്യോഗസ്ഥയായിരുന്ന അന്ന സെബാസ്റ്റ്യന്‍ ജൂലൈ 20നാണ് താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. ജോലിസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് ഇ വൈ ടെക്‌നോളജീസിന് അയച്ച കത്ത് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article