അശ്ലീല വീഡിയോകള്‍ക്ക് പൂട്ട് വീഴുന്നു; പുതിയ സംവിധാനവുമായി സര്‍ക്കാര്‍

ചൊവ്വ, 19 ജൂലൈ 2016 (13:46 IST)
അശ്ലീല വീഡിയോകള്‍ നിരോധിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അശ്ലീല സൈറ്റുകളെ പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചുള്ള ആശ്ലീല വീഡിയോകളും ഓണ്‍ലൈന്‍ ട്രോളുകളും നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ.സി.4) എന്ന സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഐ.സി.4ന്റെ സംവിധാനത്തിന് 400 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയായി വരുകയാണ്. സൈബര്‍ കേസുകള്‍ തടയുന്നതിനായി നോഡല്‍ ഏജന്‍‌സിയായി പ്രവര്‍ത്തിക്കുക, കുറ്റകൃത്യങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുക, ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ചുമതലകള്‍.

നേരത്തെ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വീഡിയോകളും മറ്റും നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഐ.സി.4ന്റെ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക