രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 3600 കോടി രൂപ മുടക്കി ശിവജിയ്ക്ക് സ്മാരകം; ബിജെപിക്കെതിരെ വ്യാപക പ്രതിഷേധം

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (10:36 IST)
നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ 
3,600 കോടി രൂപ മുടക്കി ഛത്രപതി ശിവജിയ്ക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള മഹാരാഷ്ട്ര ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. 
 
അറബി കടലിലെ 15 ഹെക്ടർ പ്രദേശത്താണ് 192 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടാന്‍ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന വന്‍ പ്രതിഷേധം ഉയരുന്നത്.
 
നികുതിദായകരുടെ പണം ഉപയോഗിച്ച് എന്തിനാണ് ശിവജിയ്ക്ക് സ്മാരകം നിര്‍മ്മിക്കുന്നതെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഈ പദ്ധതിക്കായി ഉപയോഗിക്കുന്ന പണം ജനോപകാര പ്രദമായ മറ്റു കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങള്‍ പറയുന്നു. 
 
സാമ്പത്തിക സര്‍വേ പ്രകാരം 3.3 ലക്ഷം കോടി രൂപയാണ് മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ കടം. എല്ലാ സംസ്ഥാനങ്ങളുടേയും മൊത്തം കടം നോക്കുമ്പോള്‍ സിംഹഭാഗവും മഹാരാഷ്ട്രയുടേതാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കടപട്ടികയിലും ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്ക് തന്നെയാണ്.
 
അതേസമയം, 22 കി.മീ വരുന്ന രാജ്യത്തെ ഏറ്റവും വലിയ കടൽപാലത്തിന്റെ നിർമ്മാണോദ്ഘാടനവും പ്രധാനമന്ത്രി ഇവിടെ നിർവ്വഹിക്കാനിരിക്കുകയാണ്. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈ-പൂനെ മെട്രോ പദ്ധതിക്കും മോദി തറക്കില്ലിടുന്നുണ്ട്. 
 
Next Article