ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണ്: ചൈന

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (11:43 IST)
ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്. ജി20 ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ചിൻപിങ് നിലപാട് വ്യക്തമാക്കിയത്. പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തനം നടത്തുന്ന തീവ്രവാദി സംഘടനകൾ,  ആണവ ദാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം എന്നീ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ട്.
 
ആഗോള സാമ്പത്തികരംഗത്തെ തളര്‍ച്ച, ബ്രെക്സിറ്റ് ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി നിര്‍ണായക സാഹചര്യങ്ങള്‍ക്കു നടുവിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. മൂന്നു മാസത്തിനിടെ ഇന്ത്യ-ചൈന രാഷ്ട്രത്തലവന്മാർ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച‍യാണിത്. കഴിഞ്ഞ ജൂണിൽ താഷ്കന്‍റിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക