അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി, പ്രഖ്യാപനം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ

അഭിറാം മനോഹർ

ബുധന്‍, 5 ഫെബ്രുവരി 2020 (12:38 IST)
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പാർലമെന്റിന്റെ അജണ്ടയിൽ ഇല്ലാതിരുന്ന പ്രസംഗം അവസാന നിമിഷം ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ അടിയന്തിരമായി ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗം ചേർന്നാണ് ട്രസ്റ്റ് രൂപികരിക്കാൻ തീരുമാനിച്ചത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത്രം മുൻപാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
 
ക്ഷേത്രനിർമാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിർദേശപ്രകരാമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയിൽ അറിയിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന് പേരിട്ടിരിക്കുന്ന ട്രസ്റ്റിന് പ്രവർത്തിക്കാൻ പൂർണസ്വാതന്ത്രം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നന്ദിപ്രമേയ ചര്‍ച്ചകളിന്മേല്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച സഭയിലെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇന്ന്  കേന്ദ്രമന്ത്രി സഭാ യോഗത്തിന്റെ തീരുമാനം അറിയിക്കുവാൻ എത്തുകയായിരുന്നു.
 
അയോധ്യാകേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മോദി അറിയിച്ചു.തര്‍ക്ക ഭൂമിയായി പരിഗണിച്ചിരുന്ന അയോധ്യയിലെ 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ മോദി പറഞ്ഞു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ട്രസ്റ്റായിരിക്കും തീരുമാനിക്കുക. ഇക്കാര്യത്തിൽ പൂർണമായ സ്വാതന്ത്രം ട്രസ്റ്റിനുണ്ടാകും. ഇത് കൂടാതെ കോടതിവിധി പ്രകാരം അഞ്ച് ഏക്കർ ഭൂമി പള്ളി നിർമിക്കാനായി സുന്നി വഖഫ് ബോർഡിന് സർക്കാർ കൈമാറുമെന്നും ഇതിനുള്ള നിർദേശം യു പി സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നതെന്നും അതുപ്രകാരമാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വിശദമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍