പെട്രോളിനും ഡീസലിനും വിലകുറയും

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (15:49 IST)
ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. രാജ്യാന്തര വിപണിയില്‍ ക്രുഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഡീസലിനും പെട്രോളിനും വിലകുറയ്ക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തെരഞ്ഞെറ്റുപ്പ് കമ്മീഷ്ന്റെ അനുമതികൂടിക്കിട്ടിയാല്‍ വില കുറയ്ക്കല്‍ പ്രഖ്യാപനമുണ്ടാകും.

ഡീസലിന് ഒരു രൂപയും പെട്രോളിന് 1.75 രൂപയും കുറയാനാണ് സാധ്യത. മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പെട്രോള്‍ വിലയില്‍ ഇത് നാലാമത്തെ തവണയാണ് വില കുറയുന്നത്. അതേ സമയം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ പോകുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് ഡീസലിന്റെ വില കുറയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അന്ന് ബന്ധപ്പെട്ട മന്ത്രാലയം തീരുമാനമൊന്നും എടുത്തിരുന്നില്ല.

ഡീസലിന്റെ വില കുറയ്ക്കുന്നതിനായി മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട് ഈ മാസം 16 മുതല്‍ രാജ്യാന്തര എണ്ണവിലയില്‍ കുറവുണ്ടായിരുന്നു. അതിനാല്‍ എണ്ണക്കമ്പനികള്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകില്ല. രാജ്യാന്തര വിപണയില്‍ പെട്രോളിന് 54 പൈസയിലധികം കുറവുണ്ടായിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇന്ത്യയിലെ പെട്രോള്‍ വില, രാജ്യാന്തരവിലയിലും അധികമാകുന്നത്.

100 ഡോളറിനു താഴെയാണ് ഇപ്പോള്‍ ക്രൂഡോയിലിന്റെ വില. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാമാസവും 40 - 50 പൈസ വീതം എല്ലാമാസവും വില കൂട്ടുന്നതിന് എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അനിയന്ത്രിത വിലക്കയറ്റമാണ് എണ്ണവിലയില്‍ ഉണ്ടായത്. ഡീസലിന്റെ വില കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളുടെ ഓഹരികളില്‍ കുതിച്ചു കയറ്റമുണ്ടാക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക