കശ്‌മീരിലെ പ്രതിഷേധക്കാരെ കരയിക്കാന്‍ ‘പവാ’ എത്തുന്നു

ശനി, 3 സെപ്‌റ്റംബര്‍ 2016 (18:25 IST)
മാസങ്ങളായി സംഘര്‍ഷം തുടരുന്ന ജമ്മു കശ്‌മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉപയോഗിക്കുന്ന പെല്ലറ്റുകള്‍ക്ക് പകരം പവാ ഷെല്ലുകൾ ഉപയോഗിക്കാൻ നിര്‍ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌ നാഥ്സിംഗ് ഇതു സംബന്ധിച്ച് അനുവാദം നല്‍കി.

ആഭ്യന്തര മന്ത്രാലയ ഹോം സെക്രട്ടറി നേതൃത്വം നൽകിയ ഏഴംഗ വിദഗ്‌‌ദ്ധ സമിതിയാണ് പെല്ലറ്റിനു പകരം പവാ ഷെല്ലുകൾ ഉപയോഗിക്കാമെന്ന നിർദ്ദേം മുന്നോട്ടുവച്ചത്. എന്നാല്‍ പെല്ലറ്റ് ഉപയോഗം പൂര്‍ണമായി പിന്‍‌വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ പെല്ലറ്റ് ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആയിരത്തോളം പാവാ ഷെല്ലുകള്‍ അടുത്ത ദിവസം കശ്‌മീരില്‍ എത്തിക്കും. ശനിയാഴ്‌ച സർവകക്ഷി സംഘം പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പവാ ഷെല്ലുകൾ ഉപയോഗിക്കാന്‍ തീരുമാനമായത്. പെല്ലറ്റുകൾക്ക് പകരം പവാ ഷെല്ലുകൾ ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്.

മുളക് പൊടി നിറച്ച ഒരു തരം വസ്‌തുവാണ് പവാ. പൊട്ടിയാലുടന്‍ കണ്ണ് എരിയുന്ന പദാര്‍ഥം അന്തരീക്ഷത്തില്‍ പടരും. പ്രതിഷേധക്കാരുടെ  ശരീരത്തിന് മുറിവുകള്‍ ഏല്‍പ്പിക്കാതെ അവര്‍ക്ക് നേരെ ഉപയോഗിക്കാവുന്ന ഉപകരണമാണ് പവാ. ഇതിലൂടെ പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക