നിതീഷിന് തിരിച്ചടി; കൈക്കൂലി ഇടപാടില്‍ ബിഹാറിൽ മന്ത്രി രാജിവച്ചു

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (10:38 IST)
കനത്ത സുരക്ഷയില്‍ ദേശിയ ശ്രദ്ധയാകര്‍ഷിച്ച ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കവെ കൈക്കൂലി ഇടപാടില്‍ ബിഹാറിൽ നിതീഷ് കുമാർ മന്ത്രി സഭയിലെ മന്ത്രി രാജിവച്ചു. നഗര വികസന മന്ത്രി അവാദേഷ് പ്രസാദ് ഖുഷ്‍വാഹയാണ് ഇന്നലെ അർധരാത്രിയോടെ രാജിവച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച് നല്‍കിയതിന് പ്രത്യുപകാരമായി നാലു ലക്ഷം രൂപ മന്ത്രി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. യു ട്യൂബിലാണ് മന്ത്രി പണം വാങ്ങുന്ന ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതിനെ തുടര്‍ന്ന് പശ്ചിമ ബിഹാറിലെ പിപാര നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അവാദേഷ് നിതീഷ് കുമാറിന് രാജി സമര്‍പ്പിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവാദേഷ് സമര്‍പ്പിച്ച രാജിക്കത്തില്‍ പറയുന്നുണ്ട്.

അതേസമയം, ദൃശ്യങ്ങളില്‍ അവാദേഷ് പ്രസാദ് ഖുഷ്‍വാഹയാണെന്ന് വ്യക്തമാണെങ്കിലും കൈക്കൂലി വാങ്ങുന്നതിനിടെ എന്താണ് പറയുന്നത് വ്യക്തമല്ല. ആരാണ് പണം നൽകുന്നതെന്നും വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്നു തുടങ്ങിയതോടെ മറ്റു മേഖലകളിൽ മന്ത്രിയുടെ രാജി പ്രചാരണ ആയുധമാകും. അതോടൊപ്പം, ബിഹാറിലെ ബാബുവയിൽ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക