സാധ്വിയുടെ രാജിക്കായി മുറവിളി, പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നിച്ചു

വ്യാഴം, 4 ഡിസം‌ബര്‍ 2014 (08:11 IST)
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജിക്കായി പ്രതിപക്ഷം ഒന്നിച്ചതോടെ ഇന്നും ലോക്സഭ സ്തംഭിക്കുമെന്ന് സൂചന‍. വിഷയത്തില്‍ ഇരുസഭകളും സഭാനടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തിയിരുന്നു. വിഷയത്തില്‍  പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതാണ് പ്രതിപക്ഷത്തിനെ പ്രകോപിപ്പിച്ചത്.

ഡല്‍ഹി ഭരിക്കേണ്ടത് രാമന്‍റെ മക്കളാണോ, ജാരസന്ധതികളാണോ എന്ന് തീരുമാനിക്കണമെന്ന മന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പരാമര്‍ശമാണ് രണ്ടാംദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നാല് തവണയും, ലോക്സഭ ഒരു തവണയും തടസ്സപ്പെട്ടു. മന്ത്രി രാജിവെക്കുക, പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.  

മന്ത്രി നേരിട്ട് മാപ്പുപറഞ്ഞ സാഹചര്യത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കേണ്ട കാര്യമില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു മറുപടി നല്‍കിയത്. എന്നാല്‍ വാജ്പേയിക്കെതിരെ യു.പി.എ മന്ത്രിസഭയിലെ ഒരു മന്ത്രി നടത്തിയ ആരോപണത്തിന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇരുസഭയിലും മാപ്പുപറഞ്ഞത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം ലോക്സഭയില്‍ എത്തിയ പ്രധാനമന്ത്രി  വിഷയത്തില്‍ പ്രതികരിക്കാതെ മടങ്ങി. വനിതാ മന്ത്രിക്കെതിരെ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ആരോപിച്ച് ഇതിനിടെ ബി.ജെ.പിയുടെ വനിതാ എം.പിമാര്‍ ലോക്സഭയില്‍ പ്രതിപക്ഷത്തിനെതിരെ ബഹളം വെച്ചു. ബഹളങ്ങള്‍ക്കിടെ കല്‍ക്കരിപ്പാടങ്ങള്‍ പുനര്‍ ലേലം ചെയ്യുന്നതിനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക