പാക് ബോട്ടില്‍ വന്നവരാര്, എന്തിനു വന്നു? ദുരൂഹതകള്‍ തുടരുന്നു

ഞായര്‍, 11 ജനുവരി 2015 (10:03 IST)
പാകിസ്താനില്‍ നിന്നും പുറപ്പെട്ട ബോട്ട് ദുരൂഹസാഹചര്യത്തില്‍ ഗുജറാത്ത് തീരത്ത് കത്തിയമര്‍ന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനാകാതെ അന്വേഷണ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നു. നടന്നത് ഭീകരാക്രമണ ശ്രമമാണെന്ന് പറയുമ്പോഴും ഇതു സംബന്ധിച്ച് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യുകയൊ ഔദ്യോഗികമായി അന്വേഷണം നടത്തുകയൊ ചെയ്തിട്ടില്ല.
 
നടന്നത് ഭീകരാക്രമണ ശ്രമമാണെന്നും അതല്ല കള്ളക്കടത്തുകാരായിരുന്നു അതില്‍ വന്നത് എന്നും വദങ്ങളുണ്ടായിട്ടൂം എല്ലാ ഭീകരാക്രമണക്കേസുകളും അന്വേഷിക്കാന്‍ ചുമതലയുള്ള ദേശീയ അന്വേഷണ ഏജന്‍സിയും ഇതുവരെ ചിത്രത്തിലില്ല. ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചനക്കേസ് ആരാണ് അന്വേഷിക്കുന്നത് എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. 
 
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ വിവിധ ഏജന്‍സികള്‍ സംശയമുയര്‍ത്തിയിരുന്നു. ആഭ്യന്ത്രമന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയുമായി പോലും വിവരങ്ങള്‍ പങ്കു വെയ്ക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഡിസംബര്‍ 31ന് ആണ് ഗുജറാത്ത് തീരത്ത് ബോട്ട് കത്തിയമര്‍ന്നത്. തീരദേശ സേന പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്നും ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ ബോട്ട് ജീവനക്കാര്‍ തന്നെ സ്‌ഫോടനം നടത്തുകയായിരുന്നു. ബോട്ട് സ്വയം സ്‌ഫോടനം നടത്തിയതിനാല്‍ കുറ്റകൃത്യം നടന്നോ എന്ന് നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഔദ്യോഗികകേന്ദ്രങ്ങളുടെ നിലപാട്.
 
ഗുജറാത്ത് തീരത്തിനു 197 നോട്ടിക്കല്‍ മൈല്‍ അകല വെച്ചാണ് തീരദേശ സേന ബോട്ടിന് മാര്‍ഗതടസ്സമുണ്ടാക്കിയത്. തുടര്‍ന്ന് ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ലക്ഷ്യമിട്ട് എത്തിയ തീവ്രവാദികളായിരുന്നു അതില്‍ ഉണ്ടായിരുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക