ഗവര്‍ണ്ണറാകുന്നതില്‍ അധാര്‍മ്മികതയില്ല: പി സദാശിവം

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (11:45 IST)
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  പി സദാശിവം കേരള ഗവര്‍ണറാകുമെന്ന്  ഉറപ്പായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്രം രാഷ്ട്രപതിക്ക്  നല്‍കിയതായി അറിയുന്നു. അതേ സമയം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ യാതൊരു അധാര്‍മികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഒരാള്‍ ഗവര്‍ണറാകുന്നത്  ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്ന അഭിപ്രായം വിവിധ നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരുന്നിരുന്ന വ്യക്തി ഗവര്‍ണ‍റാകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീപാര്‍ട്ടികളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നോമിനിയായിട്ടാണ് തമിഴ്നാട്ടുകാരനായ പി. സദാശിവത്തിന്റെ ഗവര്‍ണര്‍ സ്ഥാനം എന്നതാണ് കേരളത്തെ ആശങ്കപ്പെടുത്തുന്നത്. കേരളവും തമിഴ്‌നാടുമായുള്ള നിരവധി തര്‍ക്ക വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍  ഗവര്‍ണര്‍ എങ്ങനെ ഇടപെടും എന്ന ആശങ്കയാണ് പ്രധാനം. സര്‍ക്കാര്‍ തീരുമാനം തിരിച്ചയയ്ക്കാനും തീരുമാനം എടുക്കല്‍ വൈകിപ്പിക്കാനും ഗവണര്‍ക്കു കഴിയും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക