ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പരാതികള്‍ പരിഹരിക്കാന്‍ ജൂണ്‍ 20 ന് മുന്‍പ് അദാലത്തുകള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും അദാലത്തുകള്‍ നടത്തുന്നത്. ബ്ലേഡ് കമ്പനികള്‍ക്കും അമിത പലിശക്കാര്‍ക്കുമെതിരേ പരാതി നല്‍കാന്‍ 19 പൊലീസ് ജില്ലകളിലും അദാലത്ത് സംഘടിപ്പിക്കും. ആധാരം പണയം വയ്ക്കുകയും തുകയില്ലാതെ ചെക്കു കൊടുക്കുകയും ചെയ്തവര്‍ക്കും ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പരാതി നല്‍കാമെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി കഴിഞ്ഞ ദിവസം 107 കാറുകള്‍ പിടിച്ചെടുക്കുകയും പണമിടപാടുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന്റെ തുടര്‍ച്ചയായി ഇന്നലെ മുട്ടത്തുകോണത്ത് റെയ്ഡ് നടത്തി നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. പന്തളത്ത് അമിത പലിശ ഈടാക്കി പണം നല്‍കി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പന്തളം ആലുംമൂട്ടില്‍ സണ്ണി ശ്രീധര്‍ ബന്ധുവീട്ടില്‍ സൂക്ഷിച്ച ഒട്ടേറെ രേഖകളാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ പിടിച്ചെടുത്തത്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആസ്തികളുടെ രേഖകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തത്.
കൊള്ളപ്പലിശക്കാരന്റെ ഭീഷണി മൂലം കെഎസ്ഇബി ലൈന്‍മാന്‍ മണിയൂര്‍ കരുവാണ്ടിമുക്ക് കൂമുള്ളിമീത്തല്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ആ സംഭവത്തില്‍ അനില്‍കുമാറിനു പണം നല്‍കിയ ഇരിങ്ങല്‍ കോട്ടക്കല്‍ കടവത്ത്കാട്ടില്‍ മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ശിക്ഷാനിയമം 306 വകുപ്പു പ്രകാരം ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.