ദീപാവലി ഭീഷണിയാകും, ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കും; അതീവ ജാഗ്രതയില്‍ രാജ്യം

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:45 IST)
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ BF.7 ആശങ്കയില്‍ രാജ്യം. ഇന്ത്യയില്‍ ഒരു കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച എല്ലാ വകഭേദങ്ങളെക്കാളും അതീവ വ്യാപനശേഷിയാണ് പുതിയ വകഭേദത്തിനുള്ളത്.
 
മുന്‍പ് കോവിഡ് വന്നവരില്‍ ഉള്ള ആന്റിബോഡിയെ മറികടക്കാന്‍ കെല്‍പ്പുള്ള വകഭേദമാണ് ഇത്. അതായത് നേരത്തെ കോവിഡ് വന്നവരിലും ഒമിക്രോണ്‍ BF.7 വരാന്‍ സാധ്യത കൂടുതലാണ്. വാക്‌സിന്‍ പ്രതിരോധത്തെ മുറിച്ചുകടക്കാനും ഈ വകഭേദത്തിനു സാധിക്കും. അടുത്ത രണ്ട്, മൂന്ന് ആഴ്ചകള്‍ ഇന്ത്യയില്‍ അതീവ ജാഗ്രതയുടേതാണെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ.എന്‍.കെ.അറോറ പറഞ്ഞു. 
 
ദീപാവലി ഉത്സവം അടക്കം വരുന്നതിനാല്‍ അതീവ ജാഗ്രതയിലാണ് രാജ്യം. ആള്‍ക്കൂട്ടം രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കാനും മറ്റൊരു കോവിഡ് തരംഗമുണ്ടാക്കാനും സാധ്യതയുണ്ട്. 
 
' അടുത്ത രണ്ട് മൂന്ന് ആഴ്ച വളരെ നിര്‍ണായകമാണ്. കോവിഡ് ഇപ്പോഴും നമ്മുടെ ചുറ്റിലും ഉണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നു. നമുക്ക് അതില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ കഴിയണമെന്നില്ല. ഉത്സവങ്ങള്‍ അടുത്തെത്തിയിരിക്കുകയാണ്. അതുകൊണ്ട് രാജ്യത്ത് അതീവ ജാഗ്രത വേണം,' ഡോ.എന്‍.കെ.അറോറ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍