മദ്യം ഇനി ചീപ്പല്ല, ബിയർ വില വർധിപ്പിക്കാനൊരുങ്ങി ഗോവ

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (16:48 IST)
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. മദ്യവും ബീച്ചുകളും ആഘോഷവുമെല്ലാം ഒത്തുചേരുന്ന ഗോവ ടൂറിസ്റ്റുകളുടെ പറുദീസയാണ്. മദ്യത്തിനുള്ള വിലകുറവാണ് ഗോവയെ ആകർഷകമാക്കുന്നത്. എന്നാൽ വരുന്ന വാർത്തകൾ പ്രകാരം മദ്യത്തിൻ്റെ വിലവർധിപ്പിക്കാനൊരുങ്ങുകയാണ് ഗോവൻ സർക്കാർ.
 
ഏറ്റവും ഒടുവിൽ ബിയറിന് 10 മുതൽ 12 രൂപ വരെ വില വർധിപ്പിക്കാനൊരുങ്ങുകയാണ് ഗോവൻ സർക്കാർ. അതായത് എൻട്രി ലെവൽ ബിയറിന് ഇനി മുതൽ 30ന് പകരം 42 രൂപ നൽകേണ്ടതായി വരും.  5 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ സാനിധ്യമുള്ള ബിയറിന് നേരത്തെ 50 രൂപ നികുതി ഉണ്ടായിരുന്നത് 60 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. മദ്യവിപണിയിൽ വിൽപ്പന ഇടിഞ്ഞെന്ന കണക്കുകൾ വരുന്നതിനിടെയാണ് ഈ വിലക്കയറ്റം.
 
നേരത്തെ ഗോവയിൽ നിന്നുള്ള മദ്യവരവിന് തടയിടാൻ ഗോവയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നടപടി കർശനമാക്കാൻ മഹാരാഷ്ട്ര ഉത്തരവിട്ടിരുന്നു. ഗോവൻ മദ്യത്തിൻ്റെ ഒഴുക്ക് മഹാരാഷ്ട്രയുടെ മദ്യവിപണിയെ ബാധിക്കുന്നതായാണ് പരാതി.
 
അതേസമയം മദ്യവും ടൂറിസവും ആകർഷകമാക്കുന്ന ഗോവയിൽ മദ്യത്തിൻ്റെ വില ഉയരുന്നത് ടൂറിസത്തെ ബാധിക്കുമെന്ന ആശങ്ക സംസ്ഥാനത്ത് ശക്തമാണ്. മദ്യവില കൂടിയാൽ ഗോവ ടൂറിസ്റ്റുകൾക്ക് ആകർഷകമാകില്ലെന്നും മദ്യവിപണിയെ അത് പ്രതികൂലമായി ബാധിക്കുമെന്നും ഒരുകൂട്ടം വ്യക്തമാക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍