ഉയര്‍ന്ന വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:49 IST)
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ പാചകവാതക സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ആദായ നികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കുക. പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള നികുതി ദായകരായ ഉപഭോക്താക്കളെ സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.     
 
പുതിയ തീരുമാനമനുസരിച്ച്, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കണം. തുടര്‍ന്നാണ് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാചകവാതക കമ്പനികള്‍ക്ക് അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഉപഭോക്താക്കള്‍ മുഴുവന്‍ പണവും നല്‍കിയായിരിക്കും സിലിണ്ടര്‍ വാങ്ങേണ്ടിവരുക. 
 
സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള പാചകവാതക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഈ പുതിയ വ്യവസ്ഥ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള ആളുകള്‍ സ്വമേധയാ സബ്‌സിഡിയില്‍നിന്ന് ഒഴിവാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം1.05 കോടി ഉപഭോക്താക്കള്‍ സബ്‌സിഡി വേണ്ടെന്നു വെക്കുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക