തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഒ പനീര്‍ശെല്‍വം രംഗത്ത്. ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്നും ശശികല വിലക്കിയെന്ന വെളിപ്പെടുത്തലുമായാണ് ഒപിഎസ് രംഗത്തെത്തിയിരിക്കുന്നത്.
താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാംഗങ്ങളും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും അമ്മയെ വിദേശത്ത് കൊണ്ടുപോകുന്ന കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ശശികല ഇടപെട്ടാണ് ഇത് തടഞ്ഞത്. അതുകൊണ്ട് തന്നെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും നീക്കുന്നതിനായി വിശദമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം അടുത്ത ബുധനാഴ്ച 5മണി മുതല്‍ താന്‍ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും ഒപിഎസ് വ്യക്തമാക്കി.
ഏറെ നാള്‍ രോഗിയായി കഴിഞ്ഞ വ്യക്തിയല്ല ജയലളിത. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള മരണം സംശയാസ്പദമാണ്. ജയലളിതയ്ക്ക് നല്‍കിയിരുന്ന ചില ചികിത്സകള്‍ സംബന്ധിച്ച് ചില ഡോക്ടര്‍മാരില്‍ നിന്നും പ്രധാനപ്പെട്ട വിവരങ്ങള്‍ താന്‍ അറിഞ്ഞു. തുടര്‍ന്നാണ് ശശികലക്കും മന്നാര്‍ഗുഡി മാഫിയക്കും എതിരെ രംഗത്ത് വരാന്‍ താന്‍ തീരുമാനിച്ചതെന്നും ഒപിഎസ് കൂട്ടിച്ചേര്‍ത്തു.