ദാവൂദിനെയോ ഹാഫിസ് സയീദിനെയോ ജീവനോടെ പിടിക്കരുത്; മോഡി സര്‍ക്കാര്‍ അവര്‍ക്ക് ‘മോക്ഷം’നല്കുകയാണ് വേണ്ടതെന്നും ബാബ രാംദേവ്

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:00 IST)
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഹാഫിസ് സയീദിനെയും ദാവൂദ് ഇബ്രാഹിമിനെയും ജീവനോടെ പിടിക്കേണ്ടതില്ലെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്. ജീവനോടെ പിടിക്കുന്നതിനു പകരം ഇരുവര്‍ക്കും മോഡി സര്‍ക്കാര്‍ ‘മോക്ഷം’ നല്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ബാബ രാംദേവിന്റെ പ്രസ്താവന. പാകിസ്ഥാന്‍ നിര്‍ബന്ധപൂര്‍വ്വം നുണ പറയുകയാണെന്നും, പാക് അധീന കശ്‌മീരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയില്ല എന്നു പറയുന്നത് അതിന്റെ ഭാഗമാണെന്നും രാംദേവ് കുറ്റപ്പെടുത്തി.
 
പാകിസ്ഥാന്‍ അത്ര സത്യസന്ധരായിരുന്നെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നെന്ന് പറയുന്നതിന്റെ അടുത്തദിവസം തന്നെ അവിടേക്ക് അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരെ എത്തിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നെന്നതിന് തെളിവ് ആവശ്യപ്പെടുന്നതിനെയും അദ്ദേഹം നിരാകരിച്ചു. സര്‍ക്കാരിന്റെ അടുത്ത ലക്‌ഷ്യം ദാവൂദ് ഇബ്രാഹിമിമും ഹാഫിസ് സയീദും ആയിരിക്കും. അവരെ ജീവനോടെ പിടികൂടേണ്ട കാര്യമില്ല. രണ്ടുപേര്‍ക്കും മോക്ഷം നല്കുകയാണ് വേണ്ടത്. അവരുടെ മരണം ലോകത്തിനാകമാനം സമാധാനം നല്കുമെന്നും ഇക്കാര്യം ചെയ്തതിന് മോഡിയെ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും രാംദേവ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക