നിലോഫര്‍ കരുത്താര്‍ജിക്കുന്നു, ഗുജറാത്തിന് മുന്നറിയിപ്പ്

ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (09:38 IST)
അറബിക്കടലില്‍ ന്യൂന മര്‍ദ്ദത്തേതുടര്‍ന്ന് രൂപപ്പെട്ട നിലോഫര്‍ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം. ഗുജറാത്ത്‌ തീരം ലക്ഷ്യമിട്ടെത്തുന്ന നിലോഫര്‍ ഈ മാസം 31 ന്‌ പാക്കിസ്ഥാനിലെ കച്ച്‌ ജില്ലയില്‍ നാലിയ ഗ്രാമത്തിലൂടെയാണ് ആദ്യം നിലം തൊടുക. തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ നിലോഫറിന്റെ പ്രഭാവം അനുഭവപ്പെടാന്‍ തുടങ്ങും.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ അറിയിപ്പിനേ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി ഗുജറാത്തിന്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മുന്നറിയിപ്പിന്‍റെ അടിസ്‌ഥാനത്തില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഗുജറാത്തിലും പാക്കിസ്ഥാന്‍റെ ദക്ഷിണതീരത്തുമായിരിക്കും കാറ്റ്‌ കൂടുതല്‍ നാശം വിതയ്‌ക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം.

‘നിലോഫര്‍’ ചുഴലിക്കാറ്റ് കേരളം ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക്  ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത് , ഗോവ, കര്‍ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഗുജറാത്ത് തീരങ്ങളില്‍ കനത്ത മഴയോടൊപ്പം 45-60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ആന്ധ്ര-ഒഡീഷാ തീരങ്ങളില്‍ ഭീകരനാശം വിതച്ച ഹുദ്-ഹുദ് ചുഴലി കൊടുങ്കാറ്റിനു ശേഷമാണ് നിലോഫറിന്‍റെ ഭീഷണി. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇന്ത്യന്‍ തിരങ്ങളില്‍ എത്തുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക