“ഞാന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കു വേണ്ടിയല്ല; എന്നെ നിയമിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്” - ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി

വ്യാഴം, 18 ഫെബ്രുവരി 2016 (15:53 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പട്യാല ഹൌസ് കോടതി വളപ്പില്‍ മര്‍ദ്ദിച്ചിച്ചെന്ന വാര്‍ത്ത തള്ളി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി. “കനയ്യ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത നിഷേധിക്കുന്നു, എന്റെ പൊലീസ് ഉദ്യോഗസ്ഥരും ഈ വാര്‍ത്ത നിഷേധിക്കുന്നു, വൈദ്യപരിശോധന നടത്തി’ എന്നും അദ്ദേഹം പറഞ്ഞു. സി എന്‍ എന്‍ -  ഐ ബി എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇക്കാര്യം പറഞ്ഞത്.
 
സംസാരത്തിനുള്ള സ്വാതന്ത്ര്യം എന്നത് ഭരണഘടനയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള സ്വാതന്ത്ര്യം അല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പിക്കു വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരാണ് തന്നെ നിയമിച്ചതെന്നും ബസ്സി വ്യക്തമാക്കി.
 
അഫ്സല്‍ ഗുരുവിനെ തൂക്കി കൊന്നതിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നതിന്റെ പേരിലായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കേസ് എടുത്തത്. കഴിഞ്ഞദിവസം കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന് മര്‍ദ്ദനവും ഏറ്റിരുന്നു.

വെബ്ദുനിയ വായിക്കുക