പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി 2015-16 കാലയളവില്‍ എയര്‍ ഇന്ത്യ ചിലവഴിച്ചത് 117 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ഡിസംബര്‍ വരെ ഇരുപത്തിരണ്ട് രാജ്യങ്ങളായിരുന്നു മോദി സന്ദര്‍ശിച്ചത്. ലോകേശ് ബാത്ര എന്നയാള്‍ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.
2015-16 വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സ്, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് മോദി നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവേറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത്തിയൊന്നു കോടി രൂപയാണ് ഇതിനായി ചിലവായത്. അതേസമയം തന്നെ ചൈന, മംഗോളിയ, കൊറിയ എന്നീ സ്ഥലങ്ങളിലെ സന്ദര്‍ശനത്തിന് പതിനഞ്ചു കോടി രൂപയായിരുന്നു ചിലവ്. എന്നാല്‍, 2013-14 കാലയളവില്‍ മന്‍മോഹന്‍ സിങ് നടത്തിയ വിദേശ യാത്രയില്‍ 108 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യക്ക് ചെലവായത്.
അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച് നവാസ് ശരീഫുമായി മോദി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ആസ്ട്രേലിയയിലേക്കും മ്യാന്‍മാറിലേക്കുമായി 2014- 15 കാലയളവിൽ നടത്തിയ യാത്രയായിരുന്നു ഏറ്റവും ചെലവു കൂടിയത്. ഇരുപത്തിരണ്ട് കോടി രൂപയാണ് അതിനായി ചെലവായത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം മോദി അമേരിക്ക, സിംഗപ്പൂര്‍, നേപ്പാള്‍, എന്നിവിടങ്ങളിലേക്ക് തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിരുന്നു. ഇതിനകം തന്നെ 2016ല്‍ ബെല്‍ജിയം,അമേരിക്ക, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ മോദി ഈ മാസം അവസാനം ഇറാനിലേക്കും ജൂണില്‍ വീണ്ടും അമേരിക്കയിലേക്കും യാത്ര പോകുന്നുണ്ട്.