ചരക്ക് സേവന നികുതി ബിൽ വരുന്നതോടെ രാജ്യം സാമ്പത്തികമായി ഏകീകരിക്കപ്പെടുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി. ഇന്ത്യൻ ഭരണഘടനയുടെ 122ആം ഭേദഗതി എന്ന നിലയിലാണ് ലോക്സഭ ചരക്ക് സേവന ബിൽ കൊണ്ടുവരാനുള്ള നിയമനടപടികൾ നടത്തിയത്. എന്നാൽ രാജ്യസഭ ഇപ്പോൾ ഇത് പാസാക്കുമ്പോൾ 101ആം ഭരണഘടന ഭേദഗതിയായിട്ടാണ് പാസാക്കുക.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നികുതികൾ ഏകീകരിച്ചുകൊണ്ടാണ് പുതിയ ചരക്ക് സേവന നികുതി. അന്തർസംസ്ഥാന വ്യാപാരത്തിന് ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്തും എന്നായിരുന്നു ലോക്സഭ പറഞ്ഞത്. എന്നാൽ കോൺഗ്രസിന്റെ ശക്തമായ എതിർപ്പുകാരണം ഈ ഒരു ശതമാനം അധിക നികുതി എന്നത് ഇപ്പോൾ എടുത്ത് കളഞ്ഞിട്ടുണ്ട്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ നികുതികൾ ഏകീകരിച്ച് ഒറ്റ് അനികുതി സംവിധാനം, ഒരു ഉത്പന്നത്തിന് ഒറ്റ നികുതി നൽകിയാൽ മതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തർസംസ്ഥാന വിനിമയങ്ങൾക്ക് കേന്ദ്രവും സംസ്ഥാന വിനിമയങ്ങൾക്ക് സംസ്ഥാനവും നികുതി ഈടാക്കും. കേന്ദ്രം പിരിക്കുന്ന നികുതിയുടെ വിഹിതം ഉപഭോക്ത്യ സംസ്ഥാനത്തിന് ലഭിക്കും.
അതുകൊണ്ട് തന്നെ ഉത്പാദക സംസ്ഥാനത്തിനേക്കാൾ ഉപഭോക്ത്യ സംസ്ഥാനത്തിനാണ് ചരക്ക് സേവന നികുതി ബിൽ വരുന്നത് കൊണ്ട് നേട്ടമുണ്ടാകുന്നത്. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വിൽപ്പന, വിനോദ നികുതി, സർചാർജുകൾ, ആഡംബര നികുതി, ലോട്ടറി നികുതി എന്നിവ ഇല്ലാതാകും. അതേസമയം, മദ്യം, പുകയില, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവഎയിൽ നിന്നും ചരക്ക് നികുതിയിൽ നിന്നും തൽക്കാലത്തേക്ക് ഒഴുവാക്കിയിട്ടുണ്ട്.
ജി എസ് ടി കൗൺസിൽ ആയിരിക്കും എല്ലാ തർക്കങ്ങളും പരിഹരിക്കുക എന്നായിരുന്നു നേരത്തേയുള്ള ബില്ലിൽ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ രൂപീകരിക്കാമെന്ന കാര്യത്തിൽ കോൺഗ്രസുമായി ഒരു ധാരണയിൽ എത്താൻ സർക്കാരിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് ബിൽ പിന്തുണക്കാനാണ് സാധ്യത.