അഴിമതിയുടെ കാര്യത്തിൽ ബി ജെ പിയും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്; ഇന്ത്യയെ ഹിന്ദു രാജ്യമാക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: ബി എസ് പി നേതാവ് മായാവതി
ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ബി ജെ പിയുടെ ശ്രമമെന്ന് ബി എസ് പി നേതാവ് മായാവതി. വര്‍ഗീയതയും കപട ദേശസ്‌നേഹവും വിദ്വേഷവും പ്രചരിപ്പിച്ച് മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. അമിത നികുതി ചുമത്തലും വിലക്കയറ്റവും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ടെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ആർ എസ് എസിന്റെ ഇടുങ്ങിയതും ജാതീയവുമായ തത്വചിന്തകളാണ് ബി ജെ പി സർക്കാരും പിന്തുടരുന്നത്. ഇതിനിടയിൽ ദാരിദ്ര്യം, തൊഴിലില്ലായ്മ, സമാധാനം, വിലക്കയറ്റം എന്നീ പ്രശ്നങ്ങളെയെല്ലാം സർക്കാർ മറന്നുയെന്നും മായാവതി ആരോപിച്ചു.
വരുന്ന വർഷങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിനെക്കാൾ മുന്നിൽ ബി ജെ പി എത്തുമെന്നും മായാവതി പറഞ്ഞു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ബി ജെ പി സര്‍ക്കാരിന്റെ ശ്രമം. കൂടാതെ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി പറഞ്ഞു.