ജെഎന്‍യു സംഭവം: ഉമര്‍ ഖാലിദിന്റെ സഹോദരിമാര്‍ക്ക് ഭീഷണി; ആസിഡ് ആക്രമണം നടത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിസന്ദേശങ്ങള്‍

ശനി, 20 ഫെബ്രുവരി 2016 (14:44 IST)
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ പേരില്‍ കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ അടുത്ത ബന്ധുക്കള്‍ക്ക് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഉമറിന്റെ ബന്ധുക്കള്‍ക്ക് ഭീഷണി അയച്ചിരിക്കുന്നത്. ജെ എന്‍ യു കാമ്പസില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ സംഘാടകരില്‍ ഒരാള്‍ ആയിരുന്നു ഉമര്‍ ഖാലിദ്. സംഭവത്തിനു ശേഷം ഉമര്‍ ഖാലിദ് ഒളിവിലാണ്. 
 
അതേസമയം, സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉമര്‍ ഖാലിദിന്റെ സഹോദരി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബലാത്സംഗത്തിനു വിധേയമാക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അശ്ലീലമായ വാക്കുകള്‍ ആണ് ഭീഷണിപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും സഹോദരി പറഞ്ഞു.
 
ഇതിനിടെ, നിരോധിത സംഘടനയായ സിമിയുമായി മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധം ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദ് വേട്ടയാടപ്പെടുന്നുവെന്ന് പിതാവ് സയിദ് ഖാസിം റസൂല്‍ ഇല്യാസ് പറഞ്ഞു. സിമിയുമായുള്ള ബന്ധം 1985ല്‍ ഉപേക്ഷിച്ചതാണെന്നും അതിനു ശേഷമാണ് ഉമര്‍ ഖാലിദ് ജനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കാര്യത്തില്‍ മാധ്യമവിചാരണ നടക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും ഇല്യാസ് മാധ്യമങ്ങളോറ് പറഞ്ഞിരുന്നു. തന്റെ പെണ്‍മക്കള്‍ക്ക് എതിരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിയുള്ളതായും ഇല്യാസ് പറഞ്ഞു.
 
അധോലോക നായകന്‍ രവി പൂജാരിയും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മകന്റെ സുരക്ഷിതത്വം ഉറപ്പു തരാമെങ്കില്‍ ഉമര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മുമ്പില്‍ കീഴടങ്ങുമെന്നും തന്റെ മകന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി സുരക്ഷ ഉറപ്പാക്കി മുന്നോട്ടു വരികയാണെങ്കില്‍ കീഴടങ്ങാന്‍ മകനോട് ആവശ്യപ്പെടുമെന്നും ഇല്യാസ് പറഞ്ഞു.
 
ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോടതികള്‍ പോലും സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ജെ എന്‍ യു സംഭവത്തില്‍ കുറ്റാരോപിതരായ 20 പേരില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. ഒളിവില്‍ പോയ ഉമര്‍ ഖാലിദിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.

വെബ്ദുനിയ വായിക്കുക