നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ കേന്ദ്രസർക്കാരും പുറത്തുവിടണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നേതാജിയുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ പുറത്തുവിട്ടതിനു ശേഷമാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകളാണ് ബംഗാൾ സർക്കാർ ഇന്നു പുറത്തുവിട്ടത്. 12000ലധികം പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി ഡിജിറ്റല്‍ രൂപത്തിലാക്കിയ ശേഷമാണ് പുറത്തു വിട്ടത്.
രേഖകള്‍ നേതാജിയുടെ കുടുംബങ്ങള്‍ക്ക് കൈമാറിയ ശേഷമാണ്‍ മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. ഇന്നൊരു ചരിത്ര ദിവസമാണ്. സത്യം പുറത്തു കൊണ്ടുവരാൻ ഞങ്ങൾ ഇന്നു തുടക്കമിട്ടിരിക്കുന്നു. ഞങ്ങളുടെ പാത പിന്തുടർന്ന് കേന്ദ്രസർക്കാരും ഫയലുകൾ പുറത്തുവിടണണം- മമത പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്രസമര നേതാവായ നേതാജിക്ക് വേണ്ടത്ര ആദരവോ അംഗീകാരമോ ലഭിച്ചിട്ടില്ല. പകരം അദ്ദേഹത്തെ കുടുംബത്തെ വർഷങ്ങളോളം നിരീക്ഷിക്കുകയാണ് ചെയ്തത്. ഇതു തികച്ചും ദൗർഭാഗ്യകരമാണെന്നും മമത വ്യക്തമാക്കി.
ഇന്ത്യയുടെ ധീരവാനായ മകനെക്കുറിച്ചുള്ള സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 70 വർഷമായിട്ടും ഈ നിഗൂഢ രഹസ്യത്തിന് ഒരവസാനം ആയിട്ടില്ല. നേതാജിക്ക് എന്താ സംഭവിച്ചതെന്നത് നമുക്കാർക്കും അറിയില്ല. നിങ്ങൾക്കൊരിക്കലും അധികനാൾ സത്യം മറച്ചുവയ്ക്കാനാവില്ല. ഒരു ദിവസം സത്യം പുറത്തു വരിക തന്നെ ചെയ്യും. കേന്ദ്രസർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ കയ്യിലുള്ള 130 ഫയലുകൾ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു.