പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ സ്വന്തം നഗരത്തില്‍ വെച്ചാണ് അദ്ദേഹത്തിനെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മോദി പേടിച്ചിരിക്കുകയാണെന്നും അതുകൊണ്ടുമാത്രമാണ് അദ്ദേഹം വികസനത്തെക്കുറിച്ച് ഒരക്ഷരം പറയാത്തതെന്നും രാഹുൽ പരിഹസിച്ചു.
പ്രധാനമന്ത്രിയ്ക്ക് ഭയമാണ്. നർമദ ജലപ്രശ്നത്തെക്കുറിച്ച് സംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നായിരുന്നു തുടക്കത്തിൽ മോദി പറഞ്ഞത്. എന്നാല്‍ വ്യവസായികൾക്കാണ് ജലം ലഭിക്കുന്നതെന്നു മനസിലാക്കിയതിനെ തുടർന്നാണ് ആ പ്രചാരണം നിർത്തിയതെന്നും രാഹുല്‍ പരിഹസിച്ചു.
വികസനത്തെക്കുറിച്ചു പ്രചാരണം നടത്തുമെന്നായിരുന്നു പിന്നീട് മോദി പറഞ്ഞത്. എന്നാൽ വികസനത്തിനു ഭ്രാന്തായെന്നു ജനങ്ങൾ മനസിലാക്കിയതോടെ മോദി അതും നിർത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ എന്തുകൊണ്ടാണ് വികസനമെന്ന വാക്കില്ലാത്തതെന്നും രാഹുൽ ചോദിക്കുന്നു.