സിനിമാ താരങ്ങളുടെ മെഴുക് പ്രതിമകൾ ഉൾപ്പടെ സ്ഥാപിച്ചിട്ടുള്ള ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മൂവിങ് ഇമേജസും, ലണ്ടൻ ഫിലിം മ്യൂസിയവും ലോക പ്രശസ്തമാണ്. പല ഇന്ത്യൻ സിനിമാ താരങ്ങളുടെയും മെഴുക് പ്രതിമകൾ ഈ മ്യൂസിയങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലും സമാനമായ സിനിമാ മ്യൂസിയം പ്രധനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.
നാഷണൽ മ്യുസിയം ഓഫ് ഇന്ത്യൻ സിനിമ എന്നാണ് മ്യൂസിയത്തിന്റെ പേര്. മുംബൈ ഫിലിംസ് ഡിവിഷന്‍ ആസ്ഥാനത്തെ ഗുല്‍ഷന്‍ മഹലിലും, ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സിനിമാ മ്യൂസിയമാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ. 140 കോടി രൂപ ചിലവിട്ടാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.
മുംബൈയിലെ വാട്ട്‌സന്‍ ഹോട്ടലില്‍ നടന്ന ലൂമിയര്‍ സഹോദരങ്ങളുടെ സിനിമാ പ്രദര്‍ശനത്തിന്റെ പകര്‍പ്പ് പ്രദർശിപ്പിക്കുന്നതും, അതുമായി ബന്ധപ്പെട്ട ചരിത്രം വിവരിക്കുന്നതാണ് മ്യൂസിയത്തിലെ ആദ്യ ഹാൾ, പിന്നീടെത്തുക നിശബ്ദ ചിത്രങ്ങളുടെ ചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന ഇടത്തിലേക്ക്.
ദാദാസാഹെബ് ഫാൽകെ ഉപയോഗിച്ചിരുന്ന ക്യാമറകൾ ഉൾപ്പടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് ശബ്ദ ചിത്രങ്ങളെക്കുറിച്ചുള്ള ചരിത്രമാണ്. മൂസിയത്തിന്റെ എട്ടാമത്തെ ഹാളിൽ മലയാളം ഉൾപ്പടെയുള്ള ഭാഷാ സിനിമകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മ്യൂസിയത്തിൽ ചലച്ചിത്ര പ്രതിഭകളുടെ മെഴുക് പ്രതിമകളും വൈകാതെ ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.