ജയലളിതയെ കാണാന്‍ ദേശീയനേതാക്കള്‍ എത്തി; എന്നാല്‍ ആശുപത്രി അധികൃതര്‍ ആര്‍ക്കും അനുമതി നല്‌കിയില്ല; സന്ദര്‍ശനാനുമതി നിഷേധിക്കുന്നതിന് കാരണമുണ്ട്

ശനി, 8 ഒക്‌ടോബര്‍ 2016 (14:32 IST)
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ ദേശീയനേതാക്കള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തി. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്പോളോ ആശുപത്രിയില്‍ എത്തിയെങ്കിലും ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി നല്കിയിരുന്നില്ല. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എം ഡി എം കെ നേതാവ് വൈക്കോ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.
 
ജയലളിതയ്ക്ക് കടുത്ത അണുബാധയുള്ളതിനാലാണ് സന്ദര്‍ശകരെ കര്‍ശനമായി വിലക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. തമിഴ്നാട് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും എ ഡി എം കെ നേതാക്കള്‍ക്കും ജയലളിതയെ കാണാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, ഗവര്‍ണര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ഗവര്‍ണര്‍ മുതിര്‍ന്ന മന്ത്രിമാരായ ഒ പനീര്‍സെല്‍വവുമായും പഴനിസ്വാമിയുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക