ആറ് മാസത്തിനുള്ളില്‍ 50,000 കിലോമീറ്റര്‍ റോഡ്, മോഡി സര്‍ക്കാരിന്റെ തലയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി
ശനി, 12 സെപ്‌റ്റംബര്‍ 2015 (14:17 IST)
ദേശീയ പാത നിര്‍മ്മാണത്തില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡ് ഇടാന്‍ മോഡി സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത ആറുമാസത്തിനുള്ളില്‍ രാജ്യമെമ്പാടുമായി 50,000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ആദ്യത്തെ എൻഡിഎ സർക്കാരിന്റെ ആറ് വർഷത്തെ ഭരണത്തിനിടയിൽ നിർമ്മിച്ച ദേശീയപാതയേക്കാൾ ഇരട്ടിയിലധികം കിലോമീറ്റർ ദേശീയപാതയാണ് രണ്ടു വർഷത്തെ ഭരണത്തിനിടയിൽ മോഡിസർക്കാർ രാജ്യത്ത് നിർമ്മിച്ചിരിക്കുന്നത്.
നാഷണൽ ഹൈവേ നെറ്റ് വർക്കിലേക്ക് കഴിഞ്ഞ 15 മാസനത്തിനിടെ മോഡി സര്‍ക്കാര്‍ 7000 കിലോമീറ്റർ റോഡാണ് കൂട്ടിച്ചേർത്തതെന്നാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഈ വർഷം അവസാനത്തോടെ ഒന്നരലക്ഷം കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്നാണ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രിയായ നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രണ്ട് തവണയായി 10 വർഷം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന യുപിഎ സർക്കാരുകൾ 10 വർഷംകൊണ്ട് നിർമിച്ചത് വെറും 18,000 കിലോമീറ്റര്‍ ദേശീയപാത മാത്രമാണ്.
ഒന്നാം എന്‍ഡിഎ സര്‍ക്കാരാകട്ടെ ആറ് വര്‍ഷം കൊണ്ട് നിർമിച്ചത് 23,814 കിലോമീറ്റർ റോഡാണ്. ഇതിനിറ്റെ രണ്ടിരട്ടിയാണ് ആറ് മാസം കൂടി കഴിഞ്ഞാല്‍ രാജ്യത്ത് പൂര്‍ത്തിയാകുക. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ രാജ്യവ്യാപകമായി ദിവസത്തിൽ 30 കിലോമീറ്റർ എന്ന തോതിൽ ഹൈവേയുടെ നീളം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ ദേശീയപാത ശൃംഖലയുടെ നീളം ഒരു ലക്ഷം കിലോമീറ്ററോളം വരും.
ദേശീയപാതയുടെ വ്യാപ്തി വർധിപ്പിക്കുന്ന നടപടികളുമായാണ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രാലയം മുന്നോട്ട് പോകുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.ഭാരത് മാല പദ്ധതിക്ക് കീഴിൽ 15,000കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നതിന് പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. ദേശീയപാത ശൃംഖലയിലെ പിന്നാക്ക പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
അതേസമയം, കൂടുതൽ സംസ്ഥാന പാതകൾ ഏറ്റെടുത്ത് ദേശീയ പാതകളാക്കി വികസിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരിന് അനാവശ്യ സാമ്പത്തികഭാരം വരുത്തിവയ്ക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതകളാകുന്നതോടെ ഈ റോഡുകളിൽ അറ്റകുറ്റപണികൾ നടത്തുന്ന പതിവ് സംസ്ഥാന സർക്കാരുകൾ നിർത്തലാക്കും. പിന്നീട് റോഡുകൾ നിലനിർത്തിക്കിണ്ടുപോകുന്നത് കേന്ദ്രസർക്കാരിന്റെ ഒറ്റയ്ക്കുള്ള ചുമതലയാകുമെന്നും ഇവർ പറയുന്നു.
എന്നാൽ ഇന്ന് മിക്ക റോഡുകളും ഇപിസി കോൺട്രാക്ട് പ്രകാരമാണ് വികസിപ്പിക്കുന്നതെന്നും അതിനാൽ സർക്കാരിന് മേൽ അത്ര ഭാരം വരുന്നില്ലെന്നുമാണ് ചില ഉദ്യോഗസ്ഥന്മാർ ചൂണ്ടിക്കാട്ടുന്നത്. ഈ സ്‌കീം പ്രകാരം കോൺട്രാക്ടർ റോഡുകൾ വർഷംതോറും പരിപാലിക്കുകയാണ് ചെയ്യുന്നത്. നാല് വർഷത്തേക്ക് റോഡിന് വരുന്ന എന്ത് തകരാറുകൾക്കും ഈ കോൺട്രാക്ടർ ഉത്തരവാദിയായിരിക്കുകയും ചെയ്യും. അതിനാൽ മെയിന്റനൻസിനായി സർക്കാരിന് ചെലവുകളധികം വരുന്നില്ലെന്നും ടോളിലൂടെ ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നുവെന്നുമാണ് അവർ പറയുന്നത്.