ഇന്ത്യക്കാരുടെ മനസ്സില്‍ ഇപ്പോഴും ഒന്നാംസ്ഥാനം ആണ്‍കുട്ടികള്‍ക്ക് തന്നെ; ജനസംഖ്യ അനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ കുറവ്

വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (12:26 IST)
പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് തന്നെയാണ് രാജ്യം മുന്‍തൂക്കം നല്കുന്നതെന്ന് റിപ്പോര്‍ട്ട്. സര്‍വേ ഫലങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. ജനസംഖ്യാനുപാതത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുമ്പത്തേക്കാളും കുറവ് രേഖപ്പെടുത്തുന്നതായാണ് സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
 
2011-12 കാലയളവില്‍ 1,000 ആണ്‍കുട്ടികള്‍ക്ക്  909 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നത് 2012-13 കാലയളവില്‍ 906 ആയി കുറഞ്ഞതായാണ് സര്‍വേഫലം. പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം ഡല്‍ഹിയാണ്. 887ല്‍ നിന്ന് 876 ആയാണ് പെണ്‍കുട്ടികളുടെ എണ്ണം ഡല്‍ഹിയില്‍ കുറഞ്ഞത്.
 
എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളോടുള്ള വിരോധം കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ പെണ്‍കുട്ടികളുടെ അനുപാതം 927ല്‍ നിന്ന് 921 ആയി കുറഞ്ഞു.

വെബ്ദുനിയ വായിക്കുക