പ്രധാനമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളത് നാലു ചോദ്യമെന്ന് ഉമ്മൻ ചാണ്ടി, ഉത്തരം നൽകാൻ മോദിയ്ക്ക് കഴിയുമോ?

ചൊവ്വ, 29 നവം‌ബര്‍ 2016 (14:31 IST)
അഭിനവ തുഗ്ലക് ആയി മാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോട്ട് പിൻവലിക്കുന്നതിന്റെ ദുരിതം നീണ്ടുപോകുകയാണ്. പ്രതിസന്ധി തീരാൻ പ്രധാനമന്ത്രി 50 ദിവസം ക്ഷമിക്കാൻ പറഞ്ഞു. പക്ഷേ മാസങ്ങൾ കഴിഞ്ഞാലും ദുരിതം തീരുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ ഇപ്പോഴെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് തനിക്ക് നാല് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മൻ ചാണ്ടി. യു ഡി എഫിന്റെ രാജ്ഭവൻ മാർച്ചിലെ പ്രസംഗത്തിലാണ് ഉമ്മൻ ചാണ്ടി ചോദ്യങ്ങൾ ഉന്നയിച്ചത്. 
 
1. രാജ്യത്ത് 86% 1000, 500 നോട്ടുകളാണെന്ന് അറിയാതെ തമാശയായിട്ടാണോ മോദി അവ പിൻവലിച്ചത്. അതല്ല അറിഞ്ഞിട്ടാണെങ്കിൽ എന്തുകൊണ്ടു മുൻകരുതലെടുത്തില്ല?
 
2.രാജ്യത്തെ രണ്ടു ലക്ഷത്തിലധികം എടിഎമ്മുകൾ വഴി ഒരു നിമിഷം ഏതാണ്ട് 200 കോടിയാണു പിൻവലിക്കുന്നത്. പുത്തൻ നോട്ടുകൾ ഈ എ‌ടിഎമ്മുകളിൽ പ്രവർത്തനക്ഷമമാകില്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ല?
 
3. ഭരണഘടന 300 എ പ്രകാരം രാജ്യത്ത് ഒരു പൗരനു നിയമപരമായി അനുവദിച്ചിട്ടുള്ളത്ര പണം കൈവശം വയ്ക്കാമെന്നിരിക്കെ അതിനു നിയന്ത്രണം ഏർപ്പെടുത്തിയതു നിയമവിരുദ്ധ നടപടിയല്ലേ? ഇതിനെ പ്രധാനമന്ത്രി എങ്ങനെ ന്യായീകരിക്കും?
 
4. സംസ്ഥാന സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് ആരെ സഹായിക്കാനാണ്?

വെബ്ദുനിയ വായിക്കുക