ഗുജറാത്ത് കലാപം: മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ സഞ്ജീവ് ഭട്ട് ഐപിഎസിനെ പുറത്താക്കി

വ്യാഴം, 20 ഓഗസ്റ്റ് 2015 (08:30 IST)
ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കി. ബുധനാഴ്ച വൈകിട്ടാണ് ഭട്ടിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അറിയുന്നു.

അനുസരണയില്ലായ്മയാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ ഭട്ടിനെ പുറത്താക്കിയതിന് കാരണമായി ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭട്ടിന് ജുനഗഡിൽ പോസ്റ്റിംഗ് നൽകിയിരുന്നെന്നും എന്നാൽ,​ ഏറെ സമയം അനുവദിച്ചിട്ടും അവിടെ ജോയിൻ ചെയ്യാൻ ഭട്ട് തയ്യാറായില്ല. ഈ കാലയളവിൽ അഹമ്മദാബാദിൽ ഉണ്ടായിരുന്ന ഭട്ട് സർക്കാർ വാഹനവും,​ സംരക്ഷണത്തിന് പൊലീസ് കമാൻഡോകളെയും ഉപയോഗിച്ചു വരികയായിരുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഇതേത്തുടര്‍ന്ന് 2011ല്‍ ഭട്ടിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.  ഭട്ടിന്‍റേതെന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഭട്ടിന്‍റെ വിവാഹേതരബന്ധത്തിനുള്ള തെളിവാണ് ഈ വീഡിയോ എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്‍റെ നിലപാട്.

2002ലെ ഗുജറാത്ത് കലാപക്കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡിക്കെതിരെ സത്യവാങ്മൂലം നൽകിയതിനു പിന്നാലെ ഭട്ട് സസ്‌പെൻഷനിലായിരുന്നു. താൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 'ഹിന്ദുക്കളെ പ്രതികാരം ചെയ്യാൻ അവസരം നൽകണമെന്ന്' മോഡി ആവശ്യപ്പെടുകയുണ്ടായെന്ന് ഭട്ട് ആരോപിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിലും ഭട്ട് മോദിയെ വിമർശിച്ചിരുന്നു. കലാപത്തിന്‍റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചെന്നും സഞ്ജീവ് ഭട്ടിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ മത്സരിച്ചു.

വെബ്ദുനിയ വായിക്കുക