'ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയല്‍രാജ്യത്തിന്’; ബ്രിക്‌സില്‍ പാകിസ്താനെതിരെ മോദിയുടെ വിമര്‍ശനം

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (15:35 IST)
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ അംഗരാജ്യങ്ങളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. എട്ടാമത് ബ്രിക്സ് ഉച്ചകോടിയിലാണ് പേരു പറയാതെ മോദി പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 
 
ഭീകരതയുടെ മാതൃത്വം ഇന്ത്യയുടെ അയൽരാജ്യത്തിനെന്നായിരുന്നു ഉച്ചകോടിയിൽ മോദി വ്യക്തമാക്കിയത്. തീവ്രവാദത്തിന്റെ ചുവടുവെപ്പുകള്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. വൻതോതിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. ഭീകരതയ്ക്കെതിരെ ഒരുമിച്ചു പൊരുതാൻ‌ എല്ലാം ബ്രിക്സ് രാജ്യങ്ങളുടെയും സഹകരണം ഉണ്ടാകണം.
 
ഭീകരതയ്ക്കെതിരെ ബ്രിക്സ് രാജ്യങ്ങളുടേത് ഒരേ ശബ്ദമായിരിക്കണം. ഇന്ത്യ നേരിടുന്ന ഭീകര ഭീഷണിക്ക് ചൈനയും റഷ്യയും ശക്തമായ പിന്തുണയേകി. വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകാനാണ് ഉത്തരവാദിത്തപ്പെട്ട രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ശ്രമമെന്ന് നിർണായകമായ പാരിസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവച്ചതിനെ ന്യായീകരിച്ചു പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക