മോഡി സര്‍ക്കാരിനെതിരെ ശാസ്ത്രജ്ഞരും; പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (11:44 IST)
കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയതിന് പിന്നാലെ ശാസ്ത്രജ്ഞരും പുരസ്കാരങ്ങൾ തിരിച്ചേൽപ്പിക്കുന്നു. രാജ്യത്ത് എങ്ങും അസഹിഷ്‌ണുത വളര്‍ന്നുവരുന്നതില്‍ പ്രമുഖ ശാസ്ത്രജ്ഞൻ പിഎം ഭാർഗവയാണ് പദ്മഭൂഷൺ പുരസ്കാരം തിരിച്ചേൽപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാര്‍ വർഗീയവാദികളെ അഴിച്ചു വിട്ടിരിക്കുകയാണ്. മതത്തിന്‍റെ പേരിൽ രാജ്യത്തെ രണ്ടായി ഭാഗിക്കാൻ ഇവര്‍ക്ക് മോഡി സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണ്. ശാസ്ത്രജ്ഞനായ തനിക്ക് എഴുത്തുകാരെ പോലെ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ എഴുത്തുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പി.എം ഭാർഗവ പറഞ്ഞു.

സെന്‍റർ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യുലര്‍ ബയോളജി സ്ഥാപകനും ഡയറക്ടറുമാണ് ഭാര്‍ഗവ. എഴുത്തുകാരുടേയും കലാകാരന്‍മാരുടെയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് 107 മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാര്‍ രാഷ്ട്രപതിക്ക് ഓണ്‍ലൈന്‍ പരാതി ശേഖരണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പി.എം ഭാര്‍ഗവയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക