ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ബിജെപി; മോഡി തറ വൃത്തിയാക്കുന്ന ചിത്രം ഫോട്ടോഷോപ്പെന്ന് വിവരവകാശ രേഖ

വ്യാഴം, 21 ജനുവരി 2016 (11:36 IST)
കഴിഞ്ഞ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയ നരേന്ദ്ര മോഡി തറ വൃത്തിയാക്കുന്ന ചിത്രം വ്യാജമാണെന്ന് വിവരാവകാശ രേഖ. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രശസ്‌തി വര്‍ദ്ധിപ്പിക്കാനായി മറ്റൊരാളുടെ ചിത്രം മോര്‍ഫ് ചെയ്‌ത് ഉപയോഗിക്കുകയായിരുന്നുവെന്നാണ് അഹമ്മദാബാദ് സ്വദേശിക്ക് ലഭിച്ച വിവരവകാശത്തില്‍ വ്യക്തമാക്കുന്നത്.

ചൂലും കൈയില്‍ പിടിച്ച് തറയോടു ചേര്‍ന്നിരുന്ന് മോഡി പരിസരം വൃത്തിയാക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ബിജെപി ഉപയോഗിച്ചത്. എന്നാല്‍ യഥാര്‍ഥ ഫോട്ടോയിലുള്ള വ്യക്തി മോഡി അല്ലെന്നും ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയുമായിരുന്നുവെന്നുമാണ് വിവരവകാശം വ്യക്തമാക്കുന്നത്.

ചൂലും കൈയില്‍ പിടിച്ച് തറയോടു ചേര്‍ന്നിരിക്കുന്ന മോഡിയുടെ ചിത്രം വ്യാജമാണെന്ന് നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. ചിത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് പല നേതാക്കളും പറഞ്ഞിരുന്നു. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക