അമേരിക്കന്‍ കോണ്‍ഗ്രസില്‍ കൈയടി നേടാന്‍ മോദിയെ സഹായിച്ചത് ആരെന്ന് അറിയാമോ ?

Webdunia
വെള്ളി, 10 ജൂണ്‍ 2016 (09:47 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച കാപ്പിറ്റോൾ ഹില്ലിൽ യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിൽ നടത്തിയ 45 മിനിറ്റ് ഗംഭീര പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ മനോഹരമായി സംസാരിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച മോദി ഇംഗ്ലീഷില്‍ ഇത്രയും ഗംഭീരമായ പ്രസംഗം നടത്തുമോ എന്നായിരുന്നു എല്ലാവര്‍ക്കും സംശയം.

എങ്ങനെയാണ് ഇത്ര അനായാസം ഇംഗ്ലിഷിൽ അതും എഴുതിത്തയാറാക്കിയ കടലാസിൽ ഒന്നു നോക്കുക പോലും ചെയ്യാതെ അതിഗംഭീരമായി മോദി സംസാരിച്ചത് സദസിനെ കൈയിലെടുത്തതെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍, ഈ ഗംഭീര പ്രസംഗത്തിന് അദ്ദേഹത്തെ സഹായിച്ചത് കോണ്‍ഗ്രസ്സിലെ പ്രസംഗപീഠത്തില്‍ മോദിയുടെ രണ്ടു വശങ്ങളിലുമായി രണ്ടു ടെലിപ്രോംപ്റ്ററുകള്‍ ആയിരുന്നു.

പ്രസംഗിക്കുന്ന വ്യക്തിയുടെ നേരേ മുന്നിലോ ഇരു വശങ്ങളിലോ ആയി പ്രസംഗിക്കാനുള്ള വരികൾ സ്ക്രീനിൽ തെളിഞ്ഞു വരുന്ന സംവിധാനമാണ് ടെലി പ്രോംപ്റ്റർ. രണ്ടു വശങ്ങളിലുമുള്ള ടെലിപ്രോംപ്റ്ററില്‍ ഒരേ വാക്കുകള്‍ തന്നെയായിരുന്നു ദൃശ്യമാകുക. വശങ്ങളിലുള്ള കണ്ണാടി സ്‌ക്രീനിലെ വാക്കുകളിലേക്കു പ്രാസംഗികന്‍ മാറി മാറി നോക്കുമ്പോള്‍ അദ്ദേഹം സദസ്സിന്റെ വിവിധ ഭാഗങ്ങളിലേക്കു നോക്കുന്നു എന്ന പ്രതീതിയുണ്ടാവും.

ഇതിന്റെ സദസിനു നേരേയുള്ള ഭാഗം കാണാനാവില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടു തന്നെ സദസിൽ ആർക്കും തന്നെ പ്രോംപ്റ്റർ കാണാനാവില്ല. പ്രസംഗിക്കുന്ന വ്യക്തിയുടെ ഉച്ചാരണ വേഗത്തിന് അനുസൃതമായി ടെലിപ്രോംപ്റ്ററിലെ വരികളുടെ വേഗവും ക്രമീകരിക്കാം. സാധാരണയായി ഇതിന് പ്രോംപ്റ്റർ ഓപ്പറേറ്റർമാർ ഉണ്ടാവും.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടത്തിയ പ്രസംഗം ടെലിപ്രോംപ്റ്റർ ഉപയോഗിച്ചായിരുന്നു. പതിവായി ടെലിപ്രോംപ്റ്ററുകള്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന് ഈ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ മികവ് ഏറെയാണ്.
Next Article