മകളുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് നളിനി പരോൾ ആവശ്യപ്പെട്ടത്. അതേസമയം, ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചനകൾ. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു സർക്കാർ വാദിച്ചത്. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.
നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്. നളിനിയുടെ ഭർത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നീ പ്രതികള്‍ ഇതേ കേസിൽ ഇപ്പോഴും ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.