മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരൺ റിജുജു, നിയമ നിർമാണം ഉടനെന്ന് റിപ്പോർട്ട്
മുസ്ലീം വ്യക്തി നിയമം ഭേദഗതി ചെയ്യുക. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയ്യാറാക്കിയ കരടും അവര്‍ മന്ത്രിക്ക് കൈമാറി. വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രാലയവുമായും ഉയര്‍ന്ന നിയമ വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തി കേന്ദ്രം നിയമനിര്‍മാണം നടത്താന്‍ തീരുമാനമെടുക്കുമെന്ന് കിരണ്‍ റിജിജു സുഹറയ്ക്ക് ഉറപ്പ് നല്‍കി. എല്ലാവര്‍ക്കും സമത്വത്തിനും നീതിക്കും വേണ്ടി താന്‍ ഉറച്ചുനില്‍ക്കുമെന്നും സമൂഹത്തിലെ ഓരോ വ്യക്തിയേയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി എം പി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ച് കിട്ടുന്നതിനായാണ് വിപി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മരണം വരെ നിരാഹര സമരം ആരംഭിച്ച സുഹറ സുരേഷ് ഗോപി എം പിയുടെ ഉറപ്പിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവുമായും നിയമ മന്ത്രാലയവുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രിയുമായി സുഹറ കൂടിക്കാഴ്ച നടത്തിയത്.