മുസ്ലിം വ്യക്തിനിയമത്തിനെതിരെ മുസ്ലീം വനിതകള്‍ സമരത്തിനിറങ്ങുന്നു

വെള്ളി, 30 ഒക്‌ടോബര്‍ 2015 (18:51 IST)
ബഹുഭാര്യാത്വവും മുത്തലാക്കും ഇന്ത്യയിൽ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുസ്ലീം വനിതാ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. രാജ്യത്തെ പ്രമുഖ മുസ്ലീം വനിതാ സംഘടനയായ ഭാരതീയ മുസ്ലീം വനിത ആന്തോളൻ ആണ്‍ സമരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ബഹുഭാര്യത്വത്തിനും മുത്തലാക്കിനുമെതിരെ ഡൽഹിയിൽ പൊതുസഭ സംഘടിപ്പിക്കാനും അഭിപ്രായ സർവ്വേ നടത്താനുമൊരുങ്ങുകയാണ് സംഘടന.

അഖിലേന്ത്യാ മുസ്ലീം വനിതാ വ്യക്തി നിയമ ബോർഡ് ഭാരവാഹികളിൽ ചിലരും നിയമ പരിഷ്ക്കരണമെന്ന ആവശ്യത്തെ പിന്തുണച്ച് മുന്നോട്ടുവന്നെന്നത് ഏറെ ശ്രദ്ധേയമാണ്.  മുസ്ലീം വ്യക്തി നിയമം അപരിഷ്‍‍‍കൃതമെന്ന സുപ്രീം കോടതി നിരീക്ഷണം പുറത്തു വന്ന് മണിക്കൂറുകൾക്കകമാണ് വനിതാ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്. സ്‍ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെ ഹനിക്കുന്ന മുസ്ലീം വ്യക്തി നിയമം അടിയന്തരമായി പരിഷ്കരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്‍റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നായിരുന്നു ജസ്‍റ്റിസുമാരായ എ ആർ ദാവെ, എ കെ ഗോയൽ എന്നിവരടങ്ങുന്ന ബഞ്ച് ചീഫ് ജസ്‍റ്റിസ് എച്ച്എൽ ദത്തുവിനോട് ആവശ്യപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക