രാജ്യത്തിന്റെ ഭാഗധേയം ഏറെക്കാലം നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിപ്പോയി എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൂട്ടത്തില്‍ ഊക്കനിടികിട്ടി നിലം പരിശായത് മോഡി പ്രഭാവത്തില്‍ ജയിച്ചുകയറാന്‍ കാത്തിരുന്ന ബിജെപിയും. ബിജെപിക്ക് ആകെ കിട്ടിയത് മൂന്ന് സീറ്റു മാത്രമാണ. എന്നാല്‍ ഡല്‍ഹില്‍ തോറ്റത് ഇവര്‍ മാത്രമല്ല, ഏറെ വര്‍ഷത്തെ പഴക്കമുള്ള മറ്റു രണ്ട് പാര്‍ട്ടികള്‍ കൂടിയുണ്ട്.
മുസ്ലീം ലീഗും, സിപിഎമ്മുമാണ് ആ ഹതഭാഗ്യര്‍. വോട്ടുമുഴുവന്‍ ‘ആപ്‘ കോണ്ടുപോയപ്പോള്‍ ആപ്പിലായത് ശരിക്കും ഇവരാണ്. കെട്ടിവച്ച കാശുപോയിട്ട് മുഖം രക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ മാന്യമായ വൊട്ടുപോലും ഡല്‍ഹിയിലെ ജനം ഇരുകൂട്ടര്‍ക്കും നല്‍കിയില്ല. ചാന്ദ്‌നി ചൗക്കിലും മാട്ടിയ മഹളിലുമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. രാണ്ടുപേരും 200 വോട്ടുപോലും കഷ്ടിച്ച് നേടിയില്ല. രണ്ടിടത്തുമായി ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് 184 വോട്ട് മാത്രമാണ് നേടാനായത്.
ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച ആദില്‍ മിര്‍സയ്ക്ക് 63 വോട്ടും മാട്ടിയ മഹളില്‍ മത്സരിച്ച ഇമ്രാന്‍ ഹുസൈന് 131 വോട്ടും ലഭിച്ചു. അതേസമയം സിപിഎം മൂന്ന് സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. തമ്മില്‍ ഭേദം തൊമ്മന്‍ എന്നതുപോലെ മൂന്നുപേരില്‍ നിന്നും കൂട്ടിയാല്‍ സിപിഎം നേടിയത് ആകെ 1226 വോട്ടാണ്. ഡല്‍ഹിയില്‍ ഉള്ള പാര്‍ട്ടിക്കാര്‍ പോലും വോട്ട് ആം ആദ്മിക്ക് കുത്തി. ഏതായലും ‘ആപ്’ ഒരു നവ ഇടതുപക്ഷമാണെന്നാണ് സിപിഎമ്മിന്റെ പുതിയ കണ്ടുപിടുത്തം. ഇനി അവരുമൊന്നിച്ച് മൊഡിക്കെതിരെ പോരാടാനാണ് കാരാട്ടിന്റെ തീരുമാനം.