മഹാരാഷ്‌ട്രയ്ക്കും ജമ്മുവിനും പിന്നാലെ ചത്തിസ്‌ഗഡിലും ഇറച്ചി നിരോധിക്കുന്നു

വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (19:25 IST)
മഹാരാഷ്‌ട്രയ്ക്കും ജമ്മു കശ്‌മീരിനും ഗുജറാത്തിനും രാജസ്ഥാനും പിന്നാലെ ചത്തിസ്‌ഗഡിലും ഇറച്ചി നിരോധിക്കുന്നു. ജൈന പുണ്യനാളുകളായത് പരിഗണിച്ച് ഈ മാസം 17 വരെയാണ് നിരോധനം. അതേസമയം, മുംബൈ പോലൊരു മഹാനഗരത്തില്‍ ഇറച്ചി നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു.
 
ഇറച്ചി നിരോധനത്തിനെതിരെ മുംബൈയില്‍ ശിവസേനയും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും പ്രതിഷേധവുമായി രംഗത്തെത്തി. ഇറച്ചി വിറ്റാണ് ഇരുവരും പ്രതിഷേധം അറിയിച്ചത്. 
 
അതേസമയം, ഇറച്ചി വില്പന നിരോധിക്കുന്ന 150 വര്‍ഷം പഴക്കമുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ സംസ്ഥാനത്ത് ഹുറിയത്ത് കോണ്‍ഫറന്‍സ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
രാജസ്ഥാനില്‍ ജൈന പുണ്യദിനങ്ങളായ സെപ്തംബര്‍ 17, 18, 27 തീയതികളില്‍ മാംസവില്പനയും മത്സ്യവില്പനയും അറവും നിരോധിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ സെപ്തംബര്‍ 10 മുതല്‍ 17 വരെ ആടുമാടുകളെ അറക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക