ബോംബ് ഭീഷണി: മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത, വിമാനം റാഞ്ചാന്‍ തീവ്രവാദികള്‍ ശ്രമിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഞായര്‍, 16 ഏപ്രില്‍ 2017 (13:22 IST)
ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പ് മുംബൈ എയര്‍പോര്‍ട്ടിലാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ് ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്.
 
എയർപോർട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീഷണിയുടെ പശ്ചാത്തലത്തിൽ, യാത്രക്കാർ സുരക്ഷാ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടു. ഒരു യുവതിയാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും ഇതാരാണെന്നു വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.  
 
ചെന്നൈ എയര്‍പോര്‍ട്ടിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കാമരാജ് ഡൊമസ്റ്റിക് ടെര്‍മിനല്‍ എന്നീ ഗേറ്റുകളിലൂടെയുള്ള സന്ദര്‍ശക പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക