യാക്കൂബ് മേമനെ ന്യായീകരിച്ച് അഭിമുഖം; മൂന്ന് ദേശീയ ചാനലുകള്‍ക്ക് നോട്ടീസ്

ശനി, 8 ഓഗസ്റ്റ് 2015 (11:07 IST)
1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം മേമ്മനെ ന്യായീകരിച്ച് അഭിമുഖങ്ങള്‍ നല്‍കിയതിന് 3 ദേശീയ ചാനലുകള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് നല്‍കി. എന്‍ഡിറ്റിവി, ആജ് തക്ക്, എബിപി ന്യൂസ് എന്നീ മൂന്ന് ചാനലുകള്‍ക്കാണ് നോട്ടീസ് അയച്ചത്. നോട്ടീസിന്‍മേല്‍ 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിവസം മേമ്മനെ ന്യായീകരിച്ച് അഭിമുഖങ്ങള്‍ നടത്തിയെന്നും ഇതുവഴി രാഷ്ട്രപതിയോടും ജുഡീഷ്യറിയോടും അനാദരവ് കാട്ടിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇതേ ദിവസം ഈ മൂന്ന് ചാനലുകളിലും മേമനെ അനുകൂലിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് ചാനലുകള്‍ക്കും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  നോട്ടീസ് അയച്ചത്. കേബിള്‍ ടെലിവിഷന്‍ നെറ്റവര്‍ക്ക് നിയമ പ്രകാരം സെക്ഷന്‍ 1ഡി,1ജി,1ഇ എന്നീ വകുപ്പുകളാണ് ചാനലുകള്‍ക്കെതിരെ ചുമ്മത്തിയിരിക്കുന്നത്. 15 ദിവസത്തിനകം ചാനലുകള്‍ നല്‍കുന്ന മറുപടി ആഭ്യന്തര-വിദേശ-പ്രതിരോധ മന്ത്രാലയങ്ങള്‍ പരിശോധിച്ചതിന് ശേഷമാകും തുടര്‍ നടപടികള്‍.

മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബിന്റെ അഭിഭാഷകനും ചോട്ടാഷക്കീലും പ്രതികരിച്ചത് ചാനലുകള്‍ പ്രക്ഷേപണം ചെയതിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയടക്കം നിരവധി കേസുകളില്‍ പ്രതിയായ അധോലോക നായകന്‍ ചോട്ടാ ഷക്കീലിന്റെ ഷോണ്‍ ഇന്‍ ഇന്റര്‍വ്യൂവാണ് ആജ് തക്ക്, എബിപി ചാനലുകള്‍ പ്രക്ഷേപണം ചെയ്തത്. യാക്കൂബ് നിരപരാധിയാണെന്നും ഇന്ത്യന്‍ ജുഡീഷ്യറി നീതി നടപ്പാക്കുന്നില്ലെന്നും കോടതിയിലുളള വിശ്വാസം നഷ്ടപ്പെട്ടെന്നും ചോട്ടാ ഷക്കീല്‍ പറയുകയും ചെയ്‌തിരുന്നു.

യാക്കൂബിന്റെ അഭിഭാഷകന്റെ ഇന്റര്‍വ്യൂവാണ് എന്‍ഡിറ്റിവി പുറത്തുവിട്ടത്. യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കുന്നത് ശരിയല്ലെന്നും ഇന്ത്യയില്‍ എന്തുകൊണ്ട് വധശിക്ഷ ഒഴിവാക്കുന്നില്ലെന്നും അഭിഭാഷകന്‍ ഉന്നയിച്ചിരുന്നു. വധശിക്ഷ ഒഴിവാക്കിയിട്ടുളള മറ്റു രാജ്യങ്ങളുടെ പട്ടികയും യാക്കൂബിന്റെ അഭിഭാഷകന്‍ വ്യകതമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക