മേമന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; വധശിക്ഷ നടപ്പാക്കുന്നത് നീളും
ചൊവ്വ, 28 ജൂലൈ 2015 (10:36 IST)
മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് നീളും. അതേസമയം, വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹര്‍ജി തള്ളിയാലും 30ന് മേമന്റെ വധശിക്ഷ നടപ്പാക്കില്ല.
മേമന്‍റെ പുനഃപരിശോധനാ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് പുതിയ ദയാഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സ്വീകരിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മേമനെ തൂക്കിലേറ്റാനുള്ള എല്ലാ നടപടിക്രമങ്ങളും അധികൃതര്‍ ഒരുക്കിക്കഴിഞ്ഞതായാണ് വിവരം.
കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.