ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറ്റതു മുതൽ കേരളം കരുതിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ഒ പനീർശെൽവത്തിന്റെ സമീപനം വളരെ പ്രധാനപ്പെട്ടതാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ 1996ൽ ആദ്യമായി പ്രക്ഷോഭം നടന്നത് പനീർശെൽവത്തിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനത്തിൽ വിട്ടുവീഴ്ച ഉണ്ടാകുമെന്ന് കേരളം കരുതേണ്ടതില്ല.
1996 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്നതും പനിർശെൽവത്തിന്റെ ശബ്ദമായിരുന്നു. തേനി, മഥുര, രാമനാഥപുരം, ശിവഗംഗ എന്നിവടങ്ങളിലെ കർഷകർ അവരുടെ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് മുല്ലപ്പെരിയാറിനെയാണ്. തേനിയിലെ പെരിയകുളമാണ് പനീർശെൽവത്തിന്റെ ജന്മനാട്. പെരിയകുളം മുൻസിപ്പാലിറ്റി ചെയർമാൻ ആയിരിക്കവേയാണ് മുല്ലപ്പെരിയാർ വിഷയങ്ങളിൽ പനീർശെൽവം പ്രതികരിച്ച് തുടങ്ങിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ പലതവണ സുപ്രിംകോടതിയുമായി ഇടപെട്ടതിന് ചുക്കാൻ പിടിച്ചതും പനീർശെൽവമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളത്തിൽ ഇനിയൊരു സമരം ശക്തിപ്പെടരുതെന്ന് തമിഴ്നാടിനും പനീർശെൽവത്തിനും നിർബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തം. മുല്ലപ്പെരിയാർ വിഷയത്തിൽ ഇനിയൊരു വാക്‌തർക്കം വരികയാണെങ്കിൽ കേരളത്തെ രക്ഷിക്കാൻ കേരള സർക്കാരിന് കഴിയുമോ എന്നും ചോദ്യമുയരുന്നുണ്ട്.